ജില്ലയെ കുറിച്ച്
ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ കേരളത്തിലെ ഒരു തെക്കന്‍ ജില്ലയാണ് കൊല്ലം. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും 70 കിലോമീറ്റര്‍ വടക്കുമാറി ജില്ലാ ആസ്ഥാനമായ കൊല്ലം നഗരം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും, കിഴക്ക് തമിഴ്നാടും, വടക്ക് ആലപ്പുഴ-പത്തനംതിട്ട ജില്ലകളും തെക്ക് തിരുവനന്തപുരം ജില്ലയും കൊല്ലവുമായി അതിരുകള്‍ പങ്കിടുന്നു. സുഗമവും സുതാര്യവുമായ ഭരണനിര്‍വ്വഹണത്തിനായി ജില്ലയെ കൊല്ലം, പുനലൂര്‍ എന്നിങ്ങനെ രണ്ട് റെവന്യൂഡിവിഷനുകളായി തരംതിരിക്കുന്നു. ഓരോ റെവന്യു ഡിവിഷനിലും മൂന്നു താലൂക്കുകള്‍ വീതം ആകെ ആറു താലൂക്കുകള്‍ ജില്ലയിലുണ്ട്.കേരളത്തിലെ മറ്റിടങ്ങളിലേതു പോലെ തന്നെ കൊല്ലവും ഉഷ്ണ കാലാവസ്ഥാ പ്രദേശമാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ അന്തരീക്ഷതാപം ഉച്ചസ്ഥായിയില്‍ എത്തുന്ന ഇവിടെ ജൂണ്‍ മുതല്‍ സെപ്റ്റമ്പര്‍ വരെയാണ് മണ്‍സൂണ്‍.
തീരപ്രദേശം ഇടനാട് മലനാട് എന്നിങ്ങനെ വേര്‍തിരിക്കാന്‍ കഴിയുന്ന ഭൂപ്രകൃതിയാലും ജൈവ വൈവിധ്യങ്ങളാലും സമ്പന്നമായ കൊല്ലം കൃഷിയോഗ്യവും ചെമ്മണ്ണ് നിറഞ്ഞതും വനസമൃധവുമാണ്. വലിപ്പത്തില്‍ കേരളത്തിലെ രണ്ടാമത്തെ കായലായ അഷ്ടമുടിക്കായല്‍; കൊല്ലത്തിന്റെ മാറിലൂടെ ബഹുശാഖിയായി ഒഴുകുന്നു. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ബോട്ടിംഗ് കേന്ദ്രമായ ഈ കായലും നഗരഹൃദയത്തിലെ പ്രധാന ജലസ്രോതസ്സായ കൊല്ലം തോടും ചേര്‍ന്ന് കൊല്ലത്തിന് ഭാരതത്തിന്റെ ജലഗതാഗത ഭൂപടത്തില്‍ പ്രമുഖസ്ഥാനം നല്കുന്നു.
എട്ടു കൈവഴികളായി ഒഴുകുന്ന അഷ്ടമുടി കായലില്‍ ചെറുതും വലുതുമായ അനേകം ദ്വീപുകള്‍ ചിതറിക്കിടക്കുന്നു.വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയങ്കരമാണ് കൊല്ലം. നഗരവാസികള്‍ ശാന്തമായ സായാഹ്നങ്ങള്‍ ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധി കടപ്പുറങ്ങളും ഇവിടുണ്ട്. ഇതില്‍ പ്രമുഖം കൊല്ലം ബീച്ചാണ്. സഹ്യപര്വ്വതതിലേക്ക് പടര്‍ന്നുകിടക്കുന്ന; ജില്ലയുടെയുടെ കിഴക്കുഭാഗത്ത് വിശാലമായ വനപ്രദേശം കാണാം. ശെന്തരുണി, തെന്മല, പാലരുവി തുടങ്ങിയ എക്കോ ടൂറിസം കേന്ദ്രങ്ങള്‍ കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയുടെ സൗന്ദര്യമാണ്.
ക്രിസ്തുവര്‍ഷത്തിനും മുന്‍പ് തന്നെ കൊല്ലം ഒരു പ്രധാന തുറമുഖനഗരമായി വികാസം പ്രാപിച്ചിരുന്നു . സഹസ്രാബ്ദങ്ങളുടെ പഴമയും പ്രാധാന്യവും കൈമുതലായുള്ള കൊല്ലം നഗരത്തിനു രാഷ്ട്രീയ സമൂഹിക സാംസ്കാരിക മേഖലകളിലും കയ്യൊപ്പ് ചാര്ത്താനായിട്ടുണ്ട്. പുരാതനകാലം മുതലുള്ള നിരവധി ചരിത്ര രേഖകളില്‍ നഗരത്തെ സംന്ധിച്ച സൂചനകള്‍ കാണാം. പോര്‍ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നീ വൈദേശിക ശക്തികളുടെ കീഴില്‍ വൈവിധ്യമേറിയ കൊളോണിയന്‍ ഭൂതകാലംപേറിയ കൊല്ലം; സാമ്രാജ്യത്ത വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നണിയില്‍ ഉണ്ടായിരുന്നു. തങ്കശ്ശേരി വിളക്കുമാടം, പോര്ചുഗീസ്കോട്ടയും സെമിത്തേരിയും, തേവള്ളിക്കൊട്ടാരം, ചീനക്കൊട്ടാരം തുടങ്ങിയവ സമൃദ്ധമായ ഒരു കൊളോണിയല്‍ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളാണ്. വ്യത്യസ്ത വാസ്തുശില്പ ശൈലികളില്‍ തിരുവിതാംകൂര്‍ രാജാക്കന്മാര് പണികഴിപ്പിച്ച അനവധി കെട്ടിടങ്ങളില്‍ ഇന്നും സര്‍ക്കാര്‍ ആഫീസുകളായി നഗരഹൃദയത്തില്‍ തല ഉയര്ത്തിനില്ക്കുന്നു.
പോര്‍ച്ചുഗീസ് കാലം മുതല്‍ കശുവണ്ടി വ്യവസായത്തിന്റെ സിരാകേന്ദ്രമായ കൊല്ലത്ത് നൂറുകണത്തിനു കശുവണ്ടി സംസ്കരണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ആകെ സംസ്കൃത കശുവണ്ടി കയറ്റുമതിയുടെ 75 ശതമാനവും കയ്യാളുന്ന കൊല്ലം ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്കൃത കശുവണ്ടി കയറ്റുമതി കേന്ദ്രമായി തുടരുന്നു. മത്സ്യസമ്പത്ത്കൊണ്ടും അനുഗ്രഹീതമാണ് കൊല്ലം. നഗരത്തിന്റെ പ്രാന്ത പ്രദേശത് സ്ഥിതി ചെയ്യുന്ന; കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളില്‍ ഒന്നായ നീണ്ടകരയില്‍ ഇന്‍ഡോ നോര്‍വ്വീജിയന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മത്സ്യബന്ധനമേഖലയിലും അനുബന്ധ മേഖലയിലും നിരവധിപേര്‍ക്ക് തൊഴിലവസരം പ്രദാനം ചെയ്യുന്നു. തങ്കശ്ശേരി,അഴീക്കല്‍ എന്നീ തുറമുഖങ്ങളുടെ സാന്നിദ്ധ്യം കൊല്ലത്തെ നിരവധി പേര്‍ക്ക് തൊഴില്‍ നല്കുന്ന ഒരു പ്രമുഖ മത്സ്യവ്യവസായ കേന്ദ്രമാക്കിത്തീര്ക്കുന്നു.
പൊതു വിവരം | |
---|---|
വിസ്തീര്‍ണം : | 2491 ച:കി. മി. |
ജനസംഖ്യ : | 25,84,118 |
കാലാവസ്ഥ : | ഉഷ്ണമേഖല |
മഴ : | 270 സെ.മി. (വാര്‍ഷികം) |
ശരാശരി ഉയര്‍ന്ന താപനില : | 36.0 ഡിഗ്രി.സെ. |
ശരാശരി താഴ്ന്ന താപനില : | 22.4 ഡിഗ്രി.സെ. |
വസ്ത്രധാരണം : | പരമ്പരാഗതം |
വിനോദസഞ്ചാര സമയം : | ഓഗസ്റ്റ്– മാര്‍ച്ച് |
എങ്ങിനെ എത്തിച്ചേരാം
വിമാന മാർഗ്ഗം
കൊല്ലത്തു നിന്നും നേരിട്ട് വിമാനം സൗകര്യം ലഭ്യം അല്ലാത്തതിനാല്‍ ഏറ്റവും അടുത്തുള്ള വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളമാണ് വായുമാര്‍ഗ്ഗം എത്തിച്ചേരാന്‍ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഇവിടേക്ക് കൊല്ലത്ത് നിന്നും 71 കി. മി. ദൂരമുണ്ട്.
കൊല്ലത്തു നിന്നും 129 കി. മി. അകലെ സ്ഥിതിചെയ്യുന്ന കൊച്ചിൻ അന്താരാഷ്ട്രാ വിമാനത്താവളമാണ് ( എറണാകുളം) വിമാനമാര്‍ഗ്ഗം എത്തുന്നവര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന മറ്റൊരു വിമാനത്താവളം.
ട്രെയിൻ മാർഗ്ഗം
കൊല്ലത്തിന് ഇന്ത്യയുടെ എല്ലാ സ്ഥലങ്ങളുമായി ട്രെയിൻ ബന്ധം ഉണ്ട്. കൊല്ലം ജംഗ്ഷൻ ആണ് പ്രധാന റയിൽവെ സ്റ്റേഷൻ. കൊല്ലത്തു നിന്നും തിരുവനന്തപുരത്തിനും എറണാകുളത്തിനും ധാരാളം ട്രെയിൻ ഉണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന കൊല്ലം-ചെങ്കോട്ട ട്രെയിന്‍ പാത വളരെ ആകര്‍ഷണീയമാണ്.
കരുനാഗപ്പള്ളി , പരവൂർ , കുണ്ടറ മുതലായവ അടുത്ത പ്രധാന സ്റ്റേഷനുകളാണ്.
ബസ്സ് മാർഗ്ഗം
കൊല്ലം ജില്ലയെ കേരളത്തിലെ എല്ലാ സ്ഥലങ്ങളുമായും ബസ്സ് മാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്. കുടാതെ തമിള്‍നാടും കർണാടകയും ഉള്‍പ്പടെ തെക്കേ ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളിലേക്കു ബസ്സ് സർവീസ് ഉണ്ട്. കൊല്ലം ചിന്നക്കടയാണ് പ്രധാന ബസ്സ്റ്റോപ്.