ക്ലോസ് ചെയ്യുക

ചരിത്രം

പുരാതന കാലങ്ങളില്‍ ആരംഭിക്കുന്ന സമ്പന്നമായ സാമൂഹിക സാംസ്കാരിക ചരിത്രത്തില്‍ അഭിമാനം കൊള്ളുന്ന നാടാണ് കൊല്ലം. ക്രിസ്തുവര്‍ഷം 9 മുതല്‍ 12 വരെ നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന വേണാട് രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന കൊല്ലം അതിന്‍റെ ഭരണ സിരാകേന്ദ്രമായിരുന്നു. സമുദ്രത്തോടുള്ള അതിന്‍റെ അടുപ്പവും പ്രകൃതിദത്തമായ നീണ്ടകര തുറമുഖവും കാരണം പുരാതനകാലം തൊട്ടുതന്നെ കൊല്ലത്തിന് വിദേശീയരുമായി കച്ചവട ബന്ധമുണ്ടായിരുന്നതായി കാണപ്പെടുന്നു. റോമാക്കാരുടെയും ഫിനീഷ്യരുടെയും ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിലെ കുറിപ്പുകളില്‍ തുടങ്ങി കൊല്ലത്തെ സംബന്ധിക്കുന്ന സൂചനകള്‍ കാണാം. പില്‍ക്കാലങ്ങളില്‍ ഒമ്പതാം നൂറ്റാണ്ടുമുതല്‍ മുഹമ്മദ് ഇബ്ന്‍ ബത്തൂത്ത, സുലൈമാന്‍ അല്‍ താജിര്‍, മാര്‍ക്കോ പോളോ എന്നിങ്ങനെ ചീനക്കാരും അറബികളും യൂറോപ്പ്യډാരുമായ യാത്രികരുടെ കുറിപ്പുകളിലും ഈ നാടിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്.

വേണാട് രാജവംശത്തിന്‍റെ പ്രോത്ഘാടകന്‍ എന്നു കരുതപ്പെടുന്ന ജയംസിംഹനില്‍ നിന്നും ഉത്ഭവിച്ച ജയസിംഹനാട്, അഥവാ, ‘ദേശിംഗനാട്’ എന്ന നാമമാണ് കൊല്ലത്തിന്‍റെ ഏറ്റവും പഴയ പേര് എന്ന് കരുതപ്പെടുന്നു. നൂറ്റാണ്ടുകള്‍ നീളുന്ന അതിന്‍റെ ചരിത്രത്തിന്‍റെ ശേഷിപ്പുകള്‍ പേറുന്ന ഒരു നീണ്ട പദോല്പത്തിചരിത്രം കൊല്ലം എന്ന വാക്കിനുണ്ട്. സംസ്കൃതത്തില്‍ കുരുമുളക് എന്ന അര്‍ഥം വരുന്ന കൊല്ലം എന്ന വാക്കില്‍ നിന്നുമാണ് ഈ സഥലനാമം ഉണ്ടായത് എന്നതാണ് ഒരു വാദം. ഇവിടം പണ്ടുമുതല്‍ തന്നെ കയറ്റുമതിയും ഇറക്കുമതിയും അടങ്ങുന്ന കുരുമുളകു വ്യാപാരത്തിന്‍റെ കേന്ദ്രമായിരുന്നു എന്ന് ഇതില്‍ നിന്നും അനുമാനിക്കപ്പെടുന്നു. കോവിലകം, ഇല്ലം എന്നീ വാക്കുകള്‍ സംയോജിച്ചുണ്ടായ കോയില്ലം എന്ന വാക്കില്‍ നിന്നുമാണ് കൊല്ലത്തിന്‍റെ ഉദ്ഭവം എന്ന് മറ്റൊരു കാഴ്ചപ്പാടും ഉണ്ട്. ചൈനീസ് ഭാഷയിലെ വലിയ അങ്ങാടി എന്ന് അര്‍ഥമുള്ള കൊലസം എന്ന വാക്കാണ് കൊല്ലത്തിന്‍റെ പൂര്‍വികന്‍ എന്നും കരുതപ്പെടുന്നുണ്ട്. സംസ്കൃതവാക്കായ കൊല്ലം എന്നതിന് ജലയാനം എന്നും അര്‍ഥമുണ്ടെന്നും തുറമുഖനഗരമായിരുന്നതിനാല്‍ ധാരാളം ജലയാനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നതിനാലാണ് നാടിന് കൊല്ലം എന്ന പേരു കിട്ടിയതെന്ന അവകാശവാദവും നിലനില്‍ക്കുന്നു.

 മലയാളികളുടെ കലണ്ടറായ കൊല്ലവര്‍ഷത്തിന് ആ പേര് കിട്ടിയത് കൊല്ലവുമായി ബന്ധപ്പെട്ടാണ്.  എ.ഡി.825ല്‍ കൊല്ലത്തുനിന്നുമാണ് തിരുവിതാകൂര്‍ രാജാവായിരുന്ന ഉദയമാര്‍ത്താണ്ഡവര്‍മ്മ പ്രസ്തുത കലണ്ടര്‍ രൂപീകരിച്ച് രാജ്യമെമ്പാടും നടപ്പാക്കുന്നതിനുള്ള ഉത്തരവിറക്കിയത് എന്ന വസ്തുതയാണ് ഇതിന്‍റെ  ചരിത്രം. അതേ വര്‍ഷം രാജാവിന്‍റെ നിര്‍ദ്ദേശ പ്രകാരം പണ്ഡിതരുടെ കൂട്ടായ ശ്രമഫലമായി ഉണ്ടായതാണ് മലയാളം കലണ്ടര്‍. തിരുവിതാംകൂര്‍ രാജ്യമൊട്ടാകെയും, അക്കാലത്ത് തിരുവിതാംകൂര്‍ രാജാവിന്‍റെ അധീനതയിലായിരുന്ന ചേര രാജ്യത്തിന്‍റെ പ്രവിശ്യകളിലും കൊല്ലവര്‍ഷം പ്രാബല്യത്തില്‍ വരുത്തപ്പെട്ടു.

1498ല്‍ കേരളത്തില്‍ എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസുകാരെ 1503ല്‍ തിരുവിതാംകൂര്‍ രാജ്ഞി കൊല്ലത്തുവന്നു കച്ചവടം ചെയ്യുവാന്‍ ക്ഷണിച്ചു. പോകെപ്പോകെ പോര്‍ച്ചുഗീസുകാര്‍ കൊല്ലത്ത് ഒരു കോട്ടയും താവളവും ഉണ്ടാക്കി ആധിപത്യം സ്ഥാപിച്ച് കൊല്ലത്തിന്‍റെ കൊളോണിയല്‍ ചരിത്രത്തിനു തുടക്കം കുറിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശക്തികള്‍ പോച്ചുഗീസുകാരെ കീഴ്പ്പെടുത്തി 1661ല്‍ കൊല്ലത്തിനുമേല്‍ അവരുടെ ആധീശത്വം സ്ഥപിച്ചു. ശേഷം 1741ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ പരാജയപ്പെടുത്തുന്നതുവരെ കൊല്ലം ഡച്ച്ഭരണത്തിന്‍  കീഴിലായിരുന്നു. ഈ കാലഘട്ടം വരെ കൊല്ലമായിരുന്നു തിരുവിതാംകൂറിന്‍റെ തലസ്ഥാനം. ഈ സന്ദര്‍ഭത്തിലാണ് ബ്രിട്ടീഷുകാര്‍ എത്തുന്നതും പില്‍ക്കാലത്ത് തിരുവിതാംകൂര്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലാകുന്നതും.

ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കെതിരെ  നടന്ന ആദ്യകാല ചെറുത്തുനില്പുകള്‍ പ്രധാനമായും; 19ാം നൂറ്റാണ്ടിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി (ദളവ) ആയിരുന്ന വേലുത്തമ്പി ദളവ നയിച്ചവയായിരുന്നു. കൊച്ചിയിലെ പാലിയത്തച്ചുനുമായി സന്ധിയുണ്ടാക്കി അദ്ദേഹം ബ്രിട്ടീഷുകാരുമായി നിരവധി യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു. 1809 ജനുവരി 16നു കൊല്ലത്തെ കുണ്ടറയില്‍ നിന്നും അദ്ദേഹം നടത്തിയ പ്രസിദ്ധമായ ‘കുണ്ടറവിളംബര’ത്തില്‍ അദ്ദേഹം ബ്രിട്ടീഷുകാരെ രാജ്യത്തിന്‍റെ ശത്രുക്കളായി പ്രഖ്യാപിക്കുകയും ജനങ്ങളോട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്യുകയും ഉണ്ടായി. ഇതിനെ തുടര്‍ന്നുള്ള കലയളവില്‍ ബ്രിട്ടീഷ് സൈന്യത്താല്‍ വളയപ്പെട്ടപ്പോള്‍ അദ്ദേഹം ആത്മഹൂതി ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്‍റെ അന്ത്യത്തോടെ തിരുവിതാംകൂര്‍ ഭരണം പൂര്‍ണമായും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി.

ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധത്തില്‍ കൊല്ലം അനവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. അധകൃതരുടെ ഉദ്ധാരണത്തിനായി അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ കൊല്ലത്തെ ഒരു അനുയോജ്യ സ്ഥലമായി കേരള നവോത്ഥന നായകരായ ശ്രീ നാരായണഗുരുവും അയ്യങ്കാളിയും കണ്ടിരുന്നു. താഴ്ന്ന ജാതികാര്‍ക്ക് ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രവേശന സ്വാതന്ത്ര്യം അവകാശപ്പെടുവാന്‍ 1918ല്‍ കൊല്ലത്തെ മുളങ്കാടകത്ത് ഈഴവ സമുദായക്കാരുടെ ഒരു യോഗം ചേരുകയുണ്ടായി. തങ്ങളുടെ സമുദായക്കാര്‍ക്ക് നിയമസഭകളില്‍ അര്‍ഹമായ പ്രാതിനിധ്യം അവകാശപ്പെടുവാനായി 1932 ഡിസംബര്‍ 17നു ചേര്‍ന്ന ഈഴവ, മുസ്ലീം ക്രൈസ്തവ സമുദായക്കാരുടെ ഒരു യോഗത്തിന് കൊല്ലം സാക്ഷ്യം വഹിച്ചു. ഈ പ്രസ്ഥാനം വികസിച്ച് രൂപമെടുത്ത നിവര്‍ത്തന പ്രക്ഷോഭത്തിന്‍റെ മുന്‍നിര നായകരായിരുന്ന സി. കേശവന്‍, പി.കെ. കുഞ്ഞ്, എന്‍.വി. ജോസഫ് തുടങ്ങിയവര്‍ കൊല്ലത്തിന്‍റെ സംഭാവനയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിന്‍റെ സംഘര്‍ഷനിര്‍ഭരമായ ഏടുകളില്‍ ഒന്നായ 1938ലെ കടയ്ക്കല്‍ വിപ്ലവം നടന്നത് കൊല്ലം ജില്ലയിലാണ്. നീതിരഹിതമായ കരങ്ങള്‍ക്കും ചുങ്കങ്ങള്‍ക്കും എതിരെ ഉയര്‍ന്ന ആ കര്‍ഷകപ്രക്ഷോഭം  പിന്നീട് സര്‍ക്കാര്‍ ശക്തികള്‍ക്കെതിരെ നടന്ന സായുധവിപ്ലവമായി മാറുകയായിരുന്നു. കടയ്ക്കല്‍ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേര്‍ക്ക് വധശിക്ഷയും അനവധി പേര്‍ക്ക് ജീവപര്യന്തം തടവും വിധിക്കപ്പെട്ടു.

1864ല്‍ കൊല്ലത്ത് ആദ്യമായി കമ്പിത്തപാല്‍ സൗകര്യവും വന്നു. ഇവിടുത്തെ ആദ്യ സ്കൂള്‍ സ്ഥാപിതമായത് 1867ലാണ്. കൊല്‍ക്കത്തയിലെ ഹൗറ തൂക്കുപാലം കഴിഞ്ഞാല്‍ ഇന്ത്യയിലുള്ള ഏക തൂക്കുപാലമായ പുനലൂര്‍ തൂക്കുപാലം സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. ബ്രിട്ടീഷ് എഞ്ചിനിയറിംഗ് വിസ്മയമയ ഈ പാലം 1877ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്‍റെ കാലത്താണ് നിര്‍മ്മിക്കപ്പെട്ടത്. ശ്രീമൂലം തിരുനാള്‍ രാജാവിന്‍റെ കാലത്ത് കൊല്ലത്തെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയായ വിക്ടോറിയ ആശുപത്രി നിലവില്‍ വന്നു. 1924ല്‍ ഇവിടെ ആദ്യമായി വൈദ്യുതി എത്തി. 1932ല്‍ തിരുവനതപുരം അന്താരാഷ്ട്ര വിമാനത്താവളം നിലവില്‍ വരും വരെ കൊല്ലത്തായിരുന്നു കേരളത്തിലെ ഏക വിമാനത്താവളം ഉണ്ടായിരുന്നത്. കൊല്ലം നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ആശ്രാമം മൈതാനത്ത് ചെറിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം ഉണ്ടായിരുന്നു. ഉത്രാടം തിരുനാള്‍ രാജാവിന്‍റെ കാലത്ത് 1902ല്‍ നിര്‍മ്മിക്കപ്പെട്ട കൊല്ലം ചെങ്കോട്ട മീറ്റര്‍ ഗേജ് റെയില്‍പ്പാതയാണ് തിരുവിതാംകൂറിലെ ആദ്യത്തെ റെയില്‍പ്പാത.